
ഓർമ്മകൾക്ക് പുതുവെളിച്ചം; രാജഗിരിയിൽ 'അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്ക്' തുടങ്ങി
ആലുവ: ഓർമ്മക്കുറവ് പ്രശ്നങ്ങൾക്കായി രാജഗിരി ആശുപത്രിയിൽ അത്യാധുനിക 'അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു.
ചലച്ചിത്ര സംവിധായകൻ ബ്ലെസി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മനുഷ്യന്റെ ഓർമ്മക്ഷയത്തെയും ഡിമെൻഷ്യയെയും അടയാളപ്പെടുത്തിയ തന്മാത്ര സിനിമയുടെ ചിത്രീകരണ അനുഭവം ചടങ്ങിൽ ബ്ലെസി പങ്കുവെച്ചു.
തനിക്ക് ഐ.എ.എസ് കിട്ടി എന്ന് മകൻ പറയുമ്പോൾ, 'ആരാ?' എന്ന് മോഹൻലാലിന്റെ കഥാപാത്രം ചോദിക്കുന്ന സീൻ എഴുതി തീർത്തത് കരഞ്ഞുകൊണ്ടായിരുന്നു – ബ്ലെസി പറഞ്ഞു
. തന്മാത്രയിലെ രമേശന്റെ അവസ്ഥ സമൂഹത്തിന് ഇന്നും ഒരു നൊമ്പരമാണെന്നും ബ്ലെസി അഭിപ്രായപ്പെട്ടു.
പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാനാകാതെ പൂർണ്ണമായും കിടപ്പിലാകുന്ന അവസ്ഥയിലേക്ക് പോകുന്നതിൽ നിന്നും ഡിമെൻഷ്യ രോഗികളെ തടയുകയാണ് ലക്ഷ്യമെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.
സിഎസ്എഫ് ബയോമാർക്കർ പരിശോധനക്ക് പുറമേ, അൽഷിമേഴ്‌സ് രോഗം ഉണ്ടോ എന്ന് കൃത്യമായി സ്ഥിരീകരിക്കുന്ന അഡ്വാൻസ്ഡ് പെറ്റ് സ്കാനിംഗ്, ഡിമെൻഷ്യ രോഗികൾക്കുളള നൂതന 'മോണോക്ലോണൽ ആന്റിബോഡി' ചികിത്സയും മെമ്മറി ക്ലിനിക്കിൽ ലഭിക്കും.
ഡിമെൻഷ്യയെപ്പോലെ തോന്നിക്കുന്നതും എന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതുമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ കണ്ടെത്താനും ക്ലിനിക് സഹായകരമാകുമെന്ന് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പ്രദീപ് കൊറ്റം പറഞ്ഞു.
ന്യൂറോളജി വിഭാഗത്തിന് പുറമേ റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, റിഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളുടെ സംയോജിത സഹകരണത്തോടെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ചടങ്ങിൽ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ എന്നിവർ സംസാരിച്ചു.