


ആലുവ റെയിൽവേ സ്റ്റേഷന് സമീപം വച്ച് കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 13 പുലർച്ചെ 3:30-ഓടെയാണ് സംഭവം നടന്നത്.
ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ്റെ നിർദ്ദേശാനുസരണം ആലുവ ഡി വൈ എസ് പി ബൈജു പൌലോസിൻെറ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പരിക്കേറ്റ പ്രവാസിയിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലും സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി ആലുവ പോലീസ് നൂറോളം പേരെ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും നിരവധി സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിന്റെ അന്വേഷണം ദുഷ്കരമായിരുന്നിട്ടും രാത്രികാല ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുൾപ്പെടെ നൂറോളം പേരെ ചോദ്യം ചെയ്തതിൽ നിന്നും അവരിൽ നിന്നും കിട്ടിയ വിവരങ്ങളിൽ നിന്നും പോലീസ് പ്രതികളെക്കുറിച്ചുള്ള സൂചനകളിലേക്ക് എത്തിയത്.
തുടർന്ന്, ഈ കേസിലെ മുഖ്യപ്രതി എന്ന് സംശയിക്കുന്നയാൾസംഭവത്തിനു ശേഷം കൊല്ലൂരിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ആലുവ സി ഐ പി എം ഷമീറിൻെറ നേതൃത്വത്തിലുള്ള സംഘം കൊല്ലൂരിലേക്ക് പുറപ്പെട്ടെങ്കിലും മൊബൈൽ ഫോൺ കാസർഗോഡ് ഉപേക്ഷിച്ച പ്രതി പെരുമ്പാവൂരിന് സമീപമായി എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ആലുവ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ കൈവശത്ത് നിന്നും സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ രഹസ്യമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റു പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. ഒന്നാം പ്രതി പരാതിക്കാരനിൽ നിന്ന് കവർന്ന മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതിയെ ആലുവ എസ്എച്ച്ഒ രഞ്ജിത്ത് മാത്യുവിൻെറ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും പ്രതിയിൽ നിന്നും സ്വർണ്ണ നിറത്തിലുള്ള മാല കണ്ടെടുക്കുകയും ചെയ്തു. സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നുമാണ് പിടികൂടിയത്.
ഒന്നും രണ്ടും പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ട്രാൻസ്ജെൻഡേഴ്സിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ആലുവ ഡി വൈ എസ് പി ബൈജു പൌലോസിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ആലുവ സി ഐ പി എം ഷമീർ, എസ് ഐ മാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ് , എ എസ് ഐ സുനിൽകുമാർ, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, കെ എം മനോജ്, ഷഹീൻ, ഷിബിൻ, അനിൽജിത്ത്, ശ്രീരാജ്, രജീഷ് അരവിന്ദ് എന്നിവരാണ് ഉണ്ടായിരുന്നത്.