
ജന്മാന്തരങ്ങളിൽ കണ്ണാ
ഒരു മയിൽപ്പീലിയായ് ഞാൻ പുനർജനിച്ചു,
നിന്റെ തിരുമുടിയിൽ
നിറങ്ങളുടെ നിശ്ശബ്ദ പ്രാർത്ഥനയായ്
ഞാൻ ഇടംപിടിച്ചു.
നിന്റെ കേശഭാരത്തിൽ പുണർന്നിരുന്ന്
നിന്റെ ഓരോ ചലനത്തിലും
ഒരു മൃദുമന്ത്രംപോലെ
ഞാൻ ആടിയുലഞ്ഞു.
ഒരു കുന്നിക്കുരുവായ്
മണ്ണിന്റെ മാറിൽ ഞാൻ പിറന്നു,
മഴത്തുള്ളികൾ തഴുകിയുണർത്തിയ
ഒരു കുഞ്ഞുസ്വപ്നമായ്.
ഒടുവിൽ നിന്റെ കൈവെള്ളയിലെത്തി
ഒരു ചെറു അലങ്കാരമായ്
നിന്റെ വിരലുകൾക്കിടയിൽ
എന്റെ ജന്മം അർത്ഥമറിഞ്ഞു.
ഒരു മുളംതണ്ടായ്
ഭൂമിയുടെ ഹൃദയത്തിൽ ഞാൻ മുളച്ചു,
കാറ്റിന്റെ വിരൽത്തുമ്പുകൾ
എന്നിലൂടെ സംഗീതം തേടിയപ്പോൾ
ഞാൻ കാത്തിരുന്നത്
നിന്റെ അധരസ്പർശത്തിനായിരുന്നു.
നിന്റെ ചുണ്ടിലെത്തിയ നിമിഷം
എന്റെ നിശ്ശബ്ദതയ്ക്ക്
മുരളിനാദമായി ജന്മം ലഭിച്ചു.
നിന്റെ ശ്വാസത്തിന്റെ ചൂടിൽ
എന്റെ ഓരോ സുഷിരവും ഉണർന്ന്,
ലോകം മുഴുവൻ കേൾക്കാത്ത
ഒരു പ്രണയഗീതം
നിന്നിലേക്കായ് മാത്രം ഞാൻ പാടി.
ഒരു നറുവെണ്ണയായ്
നിന്റെ മൺകുടത്തിൽ ഒളിച്ചിരുന്നു ഞാൻ,
നിന്റെ ബാല്യത്തിന്റെ കുസൃതികൾക്കിടയിൽ
ഒരു മധുരരഹസ്യമായ്.
നിന്റെ വിരൽത്തുമ്പുകൾ
എന്നെ തേടിയെത്തിയപ്പോൾ
അലിഞ്ഞുപോയത് വെണ്ണയായിരുന്നില്ല—
നിന്നിൽനിന്നും അകന്നുനിന്ന
എന്റെ അവസാന അംശമായിരുന്നു.
നിന്റെ നാവിലലിഞ്ഞുചേർന്നപ്പോൾ
ഞാൻ അറിഞ്ഞു—
ചില ജന്മങ്ങളുടെ മോക്ഷം
അലിഞ്ഞുപോകുന്നതിലാണ്.
പിന്നെയൊരു ജന്മം കൂടി വേണമെങ്കിൽ,
നിന്റെ കൈയിലെ വെൺശംഖായ്
ഞാൻ പിറക്കട്ടെ, കണ്ണാ…
നിന്റെ വിരലുകളുടെ മൃദുസ്പർശത്തിൽ
എന്റെ നിശ്ശബ്ദതയ്ക്ക് വീണ്ടും ജീവൻ നൽകി,
നിന്റെ അധരങ്ങളിൽ ചേർന്നുനിന്ന്
ലോകമുണരുന്നൊരു നാദമായ്
ഞാൻ പിറക്കട്ടെ.
നിന്റെ ശ്വാസം എന്നിലൂടെ കടന്നുപോകുമ്പോൾ
എന്റെ ഉള്ളിലെ ശൂന്യതകളെല്ലാം
നിന്റെ നാമംകൊണ്ട് നിറയട്ടെ.
നീ ഊതുന്ന ഓരോ ശ്വാസത്തിലും
എന്റെ ആത്മാവ്
നിന്നിലേക്കൊരു പാട്ടായി ഒഴുകട്ടെ.
ഇനിയും ജന്മങ്ങളുണ്ടെങ്കിൽ—
പൂവായാലും, പുഴയായാലും,
മണ്ണായാലും, മഴയായാലും,
നിന്റെ പാദസ്പർശമേറ്റ
വൃന്ദാവനത്തിലെ ഒരു തൃണമെങ്കിലും ആയാലും
എനിക്ക് മതി…
കാരണം,
ജന്മം എത്ര മാറിയാലും
എന്റെ മോഹം ഒന്നേയുള്ളൂ—
നിന്റെ തിരുമുടിയിൽ ഒരു മയിൽപ്പീലിയായി,
നിന്റെ കൈവെള്ളയിൽ ഒരു കുന്നിക്കുരുവായി,
നിന്റെ അധരങ്ങളിൽ ഒരു മുരളിയായ്,
നിന്റെ മൺകുടത്തിൽ ഒരു നറുവെണ്ണയായ്,
നിന്റെ കൈകളിൽ ഒരു വെൺശംഖായ്…
ജന്മംതോറും
നിന്നിലേക്കു മാത്രം
പുനർജനിക്കണം, കണ്ണാ…
കവിത - ഷാരി രാജൻ