
*രക്തക്കുഴലുകളിലെ അസാധാരണ വളർച്ചയ്ക്ക് ‘ക്രയോഅബ്ലേഷൻ’ വിജയകരം. ദക്ഷിണേന്ത്യയിൽ ആദ്യമെന്ന നേട്ടത്തിൽ രാജഗിരി ആശുപത്രി*
കൊച്ചി: ശരീരത്തിൽ നീര്, കഠിനമായ വേദന, തിമിർപ്പ് എന്നിവയ്ക്ക് കാരണമായ 'വാസ്കുലാർ മാൽഫോർമേഷൻ' രോഗാവസ്ഥയ്ക്ക് ‘ലിക്വിഡ് നൈട്രജൻ ക്രയോ അബ്ലേഷൻ’ വിജയകരമായി നടത്തി രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ. ഇടത് തുടയിൽ കടുത്ത വേദനയും, രക്ത ധമനിയിലെ തിമിർപ്പും മൂലം ബുദ്ധിമുട്ടിയ 21 വയസ്സുകാരിയായ യുവതിക്ക് ആണ് ക്രയോ അബ്ലേഷൻ നടത്തിയത്. രാജഗിരി ആശുപത്രിയിലെ ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടൻ്റ് ഡോക്ടർ ടോം ജോർജിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് രക്തക്കുഴലുകളിലെ അസാധാരണ വളർച്ചയ്ക്ക് ലിക്വിഡ് നൈട്രജൻ ക്രയോ അബ്ലേഷൻ ചികിത്സ വിജയകരമായി നടത്തുന്നത്.
ശരീരത്തിലെ അസാധാരണമായ കോശങ്ങളെയോ രോഗബാധിതമായ കലകളെയോ അതിശൈത്യം ഉപയോഗിച്ച് മരവിപ്പിച്ചു നശിപ്പിക്കുന്ന ഒരു അത്യാധുനിക മെഡിക്കൽ ചികിത്സാരീതിയാണ് ക്രയോഅബ്ലേഷൻ. സാധാരണ ഗതിയിൽ ചെറിയ അനസ്തേഷ്യ മാത്രം നൽകിയാണ് ക്രയോഅബ്ലേഷൻ ചെയ്യുന്നത്. “പരമ്പരാഗത ശസ്ത്രക്രിയകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, മുറിവുകളും, രക്തനഷ്ടവും കുറയ്ക്കാനും കഴിഞ്ഞു” - ഡോക്ടർ ടോം ജോർജ് അഭിപ്രായപ്പെട്ടു.
ജന്മനാ ഉള്ള രക്തക്കുഴലുകളുടെ ഘടനയിലെ തകരാറുകൾ മൂലം കടുത്ത വേദന അനുഭവിച്ചാണ് യുവതി ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ സങ്കീർണ്ണതകളും വലിയ പാടുകളും ഒഴിവാക്കിക്കൊണ്ട് ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സയിലൂടെ ഡോക്ടർമാർ ഈ പ്രതിസന്ധി മറികടന്നു. ചികിത്സയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം തന്നെ രോഗിക്ക് ആശുപത്രി വിടാൻ സാധിച്ചു.ശസ്ത്രക്രിയ സാധ്യമല്ലാത്ത അർബുദങ്ങളിൽ, ക്രയോഅബ്ലേഷൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.