


നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്നും ചെമ്പ് മോഷ്ടിച്ച കേസിൽ അന്യസംസ്ഥാനക്കാരായ മൂന്ന് പേർ നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി
.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജാഗ്രതയിലാണ് ഇവർ പിടിയിലായത്.
അസാം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബദ്രക് സ്വദേശി ഗണേഷ് കുമാർ (36), പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരെയാണ് നെടുമ്പാശേരി എസ്.ഐ അരുൺരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരി - അവണംകോട് റോഡിൽ റെയിൽവെ ഓവർബ്രിഡ്‌ജിനു സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സോളാർ പാനലിൽ നിന്നും ചെമ്പ് മോഷ്ടിക്കുന്നതിനെതിരെ സിയാൽ അധികൃതർ നേരത്തെ നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പട്രോളിംഗ് സംഘവും രഹസ്യാന്വേഷണ വിഭാഗവും സംശയകരമായ നിലയിൽ കാണുന്നവരെ സംബന്ധിച്ച് വിവരം നൽകണമെന്ന് സമീപവാസികളോട് ആവശ്യപ്പെട്ടിരുന്നു