സ്വർണം വാങ്ങാനെത്തി; സ്വർണം മോഷ്ടിച്ച് കടന്നു
സ്വർണം വാങ്ങാനെത്തി ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവിനും യുവതിക്കും വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.കാലടി കാഞ്ഞൂർ വാലത്ത് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തിയവരാണ് നാല്...Read more

*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*
ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’. മലയാളികളുടെ മനസ്സ് കവർന്ന "യവന കഥയിൽ നിന്ന് വന്ന..." എന്ന ഹിറ്റ് ഗാനം ആലപിച്ച് സംഗീതസംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞ വാക്കുകളാണ്. രാജഗിരി ആശുപത്രിയിൽ കുട്ടികളിലെ നാഡീ-പേശി സംബന്ധമായ തകരാറുകൾ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് മികച്ച പരിചരണം നൽകുന്നതിനായി ആരംഭിച്ച പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സി.എം.ഐ അധ്യക്ഷത വഹിച്ചു. ആരോഗ്യ പരിചരണത്തിനൊപ്പം, വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികളേയും കുടുംബത്തേയും പ്രാപ്തരാക്കുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ലിനിക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പീഡിയാട്രിക് ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദർശൻ ജയറാം ദാസ് വിശദീകരിച്ചു. വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ കുട്ടികളിലെ നാഡീ-പേശി സംബന്ധമായ ബുദ്ധിമുട്ടുകൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് മികച്ച പരിചരണം നൽകാൻ സജ്ജരായ വിദഗ്ധരുടെ സംഘമാണ് ഈ ക്ലിനിക്കിന്റെ പ്രധാന സവിശേഷത. പീഡിയാട്രിക് ന്യൂറോ-ഓർത്തോപീഡിക്സ് വിഭാഗങ്ങൾക്ക് പുറമെ മെഡിക്കൽ ജെനറ്റിക്സ്, ഫിസിക്കൽ മെഡിസിൻ- റീഹാബിലിറ്റേഷൻ എന്നിവയും ചേർന്നാണ് ക്ലിനിക്കിന്റെ പ്രവർത്തനം.
ചടങ്ങിൽ രാജഗിരി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ, ഡോ. അശ്വിൻ കുമാർ കെ. (കൺസൾട്ടന്റ്, പീഡിയാട്രിക് ഓർത്തോപീഡിക്സ്), ഡോ. ആഖിൽ നബുഹാൻ (ഫിസിക്കൽ മെഡിസിൻ - റീഹാബിലിറ്റേഷൻ മേധാവി), ഡോ. ദേവി ശരണ്യ എസ്. (കൺസൾട്ടന്റ് - മെഡിക്കൽ ജെനറ്റിക്സ്) എന്നിവർ സംസാരിച്ചു.